തുളുനാടന്‍ മണ്ണിലെ നാടുവാഴിത്വത്തിന്റെ ചരിത്ര ശേഷിപ്പുകളായി ശവകുടീരങ്ങളായ ദുപ്പെകള്‍ വയലുകളില്‍ ഇന്നും അവശേഷിക്കുന്നു. കാസര്‍ഗോഡ് ആദൂര്‍ വില്ലേജിലാണ് ദുപ്പെ അഥവ ഗോരികള്‍ എന്ന പേരിലുള്ള നിര്‍മ്മിതികള്‍ ചരിത്ര കൗതുകമായി ബാക്കി നില്‍ക്കുന്നത്.
വയലുകളില്‍ കാണുന്ന സമചതുര സ്തംഭാകൃതിയിലുള്ള നിര്‍മ്മിതികള്‍ പുതുതലമുറക്ക് കൗതുക കാഴ്ചയാണ്. എന്നാല്‍ ചരിത്ര പ്രധാന്യമുള്ള ശവകുടീരങ്ങളാണ് ഇവയെന്ന് അധികമാര്‍ക്കും അറിയില്ല. തുളുനാടന്‍ മണ്ണില്‍ പതിനേഴാം നൂറ്റാണ്ടില്‍ കുമ്പള സീമയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത ബലാക്കന്‍ വിഭാഗക്കാരായ നാട്ടുരാജാക്കന്‍മാരെ സംസ്‌ക്കരിച്ച ഇടങ്ങളിലാണ് ദുപ്പെകള്‍ അഥവാ ഗോരികള്‍ എന്നറിയപ്പെടുന്ന ഈ കുടീരങ്ങള്‍.
ആദൂര്‍ വില്ലേജിലെ മല്ലാവര ക്ഷേത്രത്തിന് സമീപത്തെ വയലുകളിലായി 4 ദുപ്പെകള്‍ ഇന്നും കാണാം. മുകള്‍ഭാഗം താഴികക്കുട ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ദുപ്പെയുടെ മധ്യത്തില്‍ വായു സഞ്ചാരത്തിനായി 4 ഇഞ്ച് വിസ്തീര്‍ണ്ണമുള്ള ദ്വാരങ്ങളും ഉണ്ടാക്കീട്ടുണ്ട്.
മരണമടഞ്ഞ നാട്ടുരാജാക്കന്‍മാരുടെ ചിതാഭസ്മത്തിന്‍മേലാണ് ഇവ നിര്‍മ്മിക്കുന്നത്. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ദുപ്പെകളാണ് ബല്ലാക്കന്‍മാരുടെ അപ്രമാദിത്വത്തിന്റെ അടയാളപ്പെടുത്തലായി ബാക്കി നില്‍ക്കുന്നത്.