Share this Article
image
കര്‍ഷകര്‍ക്ക് തിരിച്ചടിയായി റബ്ബര്‍ വിലയിൽ വൻ ഇടിവ്
 Drop in Rubber Prices

റബ്ബര്‍ കര്‍ഷകര്‍ക്ക് നിരാശ നല്‍കി റബ്ബര്‍ വില താഴേക്ക്.ഇറക്കുമതി വര്‍ധിച്ചതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. മെച്ചപ്പെട്ട ഉത്പാദനം ലഭിക്കുന്ന കാലയളവില്‍ ഉണ്ടായിട്ടുള്ള വിലയിടിവ് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്. ഇരുന്നൂറ്റമ്പതിനടുത്തെത്തിയ റബ്ബര്‍ വില നൂറ്റമ്പതിലേക്ക് കൂപ്പു കുത്തുമോയെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാര്‍ഷികോത്പന്നങ്ങളുടെ വില പൊതുവെ താഴേക്കാണ്. വിലയില്‍ ഏറ്റവും അധികം ഇടിവ് സംഭവിച്ചിട്ടുള്ളത് റബ്ബറിനാണ്. ഇരുന്നൂറ്റമ്പതിലേക്കെത്തുമെന്ന് തോന്നിപ്പിച്ച റബ്ബര്‍ വിലയിപ്പോള്‍ നൂറ്റമ്പതിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്ക കര്‍ഷകര്‍ പങ്ക് വയ്ക്കുന്നു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിലയിടിവ് കര്‍ഷകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

മഴക്കാലത്ത് ചെറുകിട കര്‍ഷകര്‍ പലരും ടാപ്പിംഗ് നടത്തിയിരുന്നില്ല. മഴകുറഞ്ഞതോടെ ടാപ്പിംഗ് പുനരാരംഭിച്ചു. ഈ ഘട്ടത്തിലാണിപ്പോള്‍ വിലയില്‍ ഇടിവ് വന്നിട്ടുള്ളത്. പോയ മാസങ്ങളില്‍ റബ്ബറിന് മെച്ചപ്പെട്ട വില ലഭിച്ചതോടെ ടാപ്പിംഗ് നടത്താന്‍ മരങ്ങളില്‍ മഴ മറ തീര്‍ത്ത കര്‍ഷകരുമുണ്ട്.എന്നാല്‍ വിലയിടിഞ്ഞതോടെ ഈ കര്‍ഷകരും നിരാശയിലായി.

നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ പൊതുവെ റബ്ബര്‍ ഷീറ്റിന്റെ ഉത്പാദനം കൂടുതലുള്ള കാലമാണ്.ഈ സമയത്താണിപ്പോള്‍ വിലയില്‍ ഇടിവ് സംഭവിച്ചിട്ടുള്ളത്. ഇറക്കുമതി വര്‍ധിച്ചതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ടാപ്പിംഗ് കൂലിയും മറ്റസംസ്‌കൃത വസ്തുക്കളുടെ വിലയുമൊക്കെ കണക്കാക്കിയാല്‍ ഇനിയും വിലയിടിഞ്ഞാല്‍ കര്‍ഷകര്‍ പലരും ടാപ്പിംഗ് നിര്‍ത്താന്‍ നിര്‍ബ്ബന്ധിതരാകും.

വേനല്‍ ആരംഭിക്കുന്നതോടെ മരങ്ങളില്‍ ഇല പൊഴിയുകയും ഉത്പാദനം നന്നെ കുറയുകയും ചെയ്യും.അടിക്കടി റബ്ബറിനുണ്ടാകുന്ന വിലയിടിവ് നിയന്ത്രിക്കാന്‍ റബ്ബര്‍ ബോഡിന്റെ ഫലപ്രദമായ ഇടപെടല്‍ എന്ന ആവശ്യവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories