തൃശൂർ: ഗുരുവായൂരിൽ നാലു വയസുകാരനു നേരെ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണം. ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു കുട്ടിയും കുടുംബവും. കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ വച്ചായിരുന്നു ആക്രമണം. കണ്ണൂര്‍ സ്വദേശിയായ ദ്രുവിത്ത് എന്ന കുട്ടിക്കാണു ഗുരുതരമായി പരുക്കേറ്റത്.
കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.
കുട്ടിയുടെ അച്ഛന്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഈസമയത്ത് വണ്ടിക്ക് മുന്നില്‍ കളിക്കുകയായിരുന്നു നാലുവയസുകാരന്‍. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അച്ഛന്‍ ഓടിയെത്തുകയായിരുന്നു. ഈസമയത്ത് നായ്ക്കളില്‍ ഒന്ന് കുട്ടിയുടെ കാലില്‍ കടിച്ചിരിക്കുകയായിരുന്നു. തെരുവുനായ്ക്കളെ ഓടിച്ച് അച്ഛന്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.