മാന്നാറില്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെപോയ വാഹനം രണ്ടാഴ്ച കഴിഞ്ഞും കണ്ടെത്താനായില്ലെന്ന് പരാതി. മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശി അഭിലാഷ് ബാബുവിന്റെ മകന്‍ നിലാമൗലിനെയാണ് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചത്.
കുട്ടമ്പേരൂരിലെ സ്വകാര്യസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് നിലാമൗലി. പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് സൈക്കിളില്‍ പോകുന്ന വഴിയാണ് ഇന്നോവ കാര്‍ അതിവേഗത്തിലെത്തി നിലാമൗലി ഇടിച്ചത്.
തലയ്ക്കും ശരീരമാസകലവും മുറിവും ചതവും പറ്റിയ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വാഹനമോടിച്ചവര്‍ കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഭിലാഷ് ബാബുവാണ് മകനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. അപകടം നടന്ന് ഇരുപത് ദിവസം കഴിഞ്ഞിട്ടും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കാന്‍ മാന്നാര്‍ പൊലീസ് തയ്യാറായിട്ടില്ല. വാഹനമിടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.
എന്നാല്‍, വാഹനം തിരിച്ചറിയത്തക്ക വ്യക്തത ദൃശ്യങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ഭാഗത്ത് തികഞ്ഞ അനാസ്ഥയാണെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് ആരോപിച്ചു ജില്ലാ പോലീസ് മേധാവിക്കും ശിശുസംരക്ഷണസമിതിക്കും അഭിലാഷ് പരാതി നല്‍കി.