ആവശ്യത്തിന് ജീവനക്കാരില്ലാതെ ഇരട്ടി ജോലി ഭാരത്താല്‍ മലപ്പുറം പൊന്നാനി താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസ്. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെയും ക്ലര്‍ക്കുമാരുടെയും ഒഴിവുവന്ന തസ്തികയിലേക്ക് പകരം ജീവനക്കാരില്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്.
പൊന്നാനി താലൂക്കിലെ റേഷന്‍ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നത്. മാസങ്ങളായി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്.
റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെ ഒഴിവ് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. താലൂക്ക് സപ്ലൈ ഓഫീസര്‍ നേരിട്ട് റേഷന്‍ കടകളിലും, ക്യാമ്പുകളിലും ഉള്‍പ്പെടെ എത്തേണ്ടതിനാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഈ ജോലിഭാരം കൂടി സപ്ലൈ ഓഫീസര്‍ക്കാണ്.
സപ്ലൈകോയുടെ ഓഡിറ്റ് വിഭാഗത്തില്‍ നിന്ന് പകരം ആളെ നിയമിച്ചെങ്കിലും ഇതുവരെ പൊന്നാനിയിലെത്തിയിട്ടില്ല. ആറ് ക്ലര്‍ക്കുമാര്‍ വേണ്ടിടത്ത് നിലവില്‍ മൂന്ന് പേര്‍ മാത്രമാണുള്ളത്. ഇത് നിലവിലെ ജീവനക്കാര്‍ക്ക് ഇരട്ടി ജോലിഭാരമാണ് നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായുള്ള ഈ ഒഴിവിലേക്കും ഡപ്യൂട്ടേഷനില്‍ പകരം ആളെ നിശ്ചയിച്ചിട്ടിലും ഉദ്യോഗസ്ഥര്‍ ചാര്‍ജെടുക്കാന്‍ വിമുഖത കാണിക്കുകയാണ്. ഒരു പ്യൂണിന്റെയും ഒഴിവും നികത്താതെ കിടക്കുകയാണ്. 127 റേഷന്‍ കടകളുള്ള താലൂക്കില്‍ റേഷന്‍ വിതരണത്തിന് നേതൃത്വം നല്‍കേണ്ട ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നത്.