വയനാട് ലക്കിടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷ ബാധ ഏൽക്കാൻ കാരണമായ വയനാട് വൈത്തിരിയിലെ ബാംബൂ റസ്റ്റോറൻ്റ് അധികൃതർ അടപ്പിച്ചു.
കോഴിക്കോട് മാവൂർ വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇവരിൽ ആരാധ്യയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് മാവൂർ വെള്ളന്നൂർ സ്വദേശിയായ രാജേഷും കുടുംബവും കഴിഞ്ഞദിവസം വയനാട് ലക്കിടിയിൽ പോയിരുന്നു. തിരികെ വരുമ്പോൾ ആദ്യം മക്കളായ ആരാധ്യക്കും ആദിത്തിനും പിന്നീട് ഭാര്യ ഷിംനക്കും ശർദ്ദി അനുഭവപ്പെടുകയായിരുന്നു. പിന്നാലെ രാജേഷിനും അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് അമ്പലവയലിലെ ആശുപത്രിയിൽ നാലുപേരെയും പ്രവേശിപ്പിച്ചു.
വയനാട് വൈത്തിരിയിലെ ബാംബൂ റസ്റ്റോറന്റിൽ നിന്നും ഉച്ചയൂണും ബിരിയാണിയും കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് ആരോഗ്യനില വഷളാവാൻ കാരണമെന്ന് രാജേഷ് പറയുന്നു.
ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജേഷിന്റെ മകൾ ആരാധ്യയെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ആരാധ്യ ചികിത്സയിൽ കഴിയുന്നത്.