കോഴിക്കോട് എലത്തൂരിൽ ഡീസൽ ചോർച്ച ഉണ്ടായ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിന്റെ പ്ലാൻ്റ് അടച്ചു. ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് നടപടി. എന്നാൽ പ്ലാൻ്റ് അടച്ചിട്ടത് താൽക്കാലികമായാണെന്നും സൂചനയുണ്ട്.
ജനവാസ കേന്ദ്രത്തിലേക്ക് ഡീസൽ ചോർച്ച ഉണ്ടാവുകയും നിരവധിപേർക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കോഴിക്കോട് എലത്തൂരിലെ എച്ച്.പി.സി.എൽ സംഭരണ കേന്ദ്രമാണ് താൽക്കാലികമായി അടച്ചിട്ടത്. എലത്തൂർ ഡിപ്പോയുടെ എക്സ്പ്ലോസീവ് ലൈസൻസും ഫാക്ടറി ലൈസൻസും ഇന്ന് അവസാനിക്കുകയാണ്.
ഓൺലൈൻ വഴി ലൈസൻസ് പുതുക്കാം എന്നിരിക്കെ ഡിപ്പോ അധികൃതർ അത് ചെയ്തിട്ടില്ല. ഡിപ്പോയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് ലൈസൻസ് പുതുക്കുന്നതിന് വിലങ്ങ് തടിയാണ്. ഡിസംബർ നാലിന് വൈകിട്ട് ആണ് എലത്തൂരിലെ എച്ച്.പി.സി.എൽ ഡിപ്പോയിൽ നിന്നും ഓടയിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് ഡീസൽ ചോർന്നത്.2000 ലിറ്ററിലധികം ഡീസലായിരുന്നു ഇത്തരത്തിൽ ചോർന്നിട്ടുണ്ടായിരുന്നത്. തുടർന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ കമ്പനി അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ച കണ്ടെത്തിയിരുന്നു.
കമ്പനിക്കെതിരെ ഫാക്ടറീസ് ആക്ട് പ്രകാരവും കേസെടുത്തിരുന്നു. ഗുരുതരമായ മലിനീകരണം ഉണ്ടായതായി മലിനീകരണ നിയന്ത്രണബോർഡും കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങൾ ലൈസൻസ് പുതുക്കുന്നതിന് തടസ്സമാണ്. അതോടെയാണ് എലത്തൂരിലെ എച്ച്.പി.സി.എൽ ഡിപ്പോ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്. മലബാർ മേഖലയിലെ വിവിധ പമ്പുകളിലേക്ക് ഡീസൽ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്.