തിരുവന്തപുരം പൂവച്ചല്‍ ഗ്രാമപപഞ്ചായത്തില്‍ പന്നിഫാമുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി. ഫാമിനെതിരെ വര്‍ഷങ്ങളായി സമരം നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പൂവച്ചല്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 50 ലേറെ പന്നിഫാമുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. കട്ടയ്‌ക്കോട്, വില്ലിടുംപാറ, കരിയംകോട്, പാറാംകുഴി, കാപ്പിക്കാട്, ചെറുകോട്, കാരോട് പ്രദേശങ്ങളിലാണ് ഫാമുകള്‍ കൂടുതലായുള്ളത്.
ഈ സ്ഥാപനങ്ങളിലെ ദുര്‍ഗന്ധവും മാലിന്യവും ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊലീസും കാട്ടാക്കട താലൂക്കും പ്രശ്‌നത്തില്‍ ഇടപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പന്നി ഫാമുടമകള്‍ കോടതി ഉത്തരവ് ഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്.
കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ഉത്തരവുകള്‍ ഉണ്ടക്കിയത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നഗരത്തിലെ അറവുശാലകളില്‍ നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമൊക്കെ കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങളാണ് പന്നികള്‍ക്കുള്ള ആഹാരം.
ഇവയില്‍ ആവശ്യമായവ എടുത്തശേഷം ബാക്കിയുള്ളവ പ്രദേശത്ത് തന്നെ ഉപേക്ഷിക്കുകയാണ്.ജനവാസ കേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപം മഴക്കാലത്ത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പരാതി ഉയരുന്നുണ്ട്. ജലസ്രോതസുകളില്‍ മലിനജലം ഒഴുകാന്‍ തുടങ്ങിയതോടെ ഇത് വീടുകളിലെ കിണറും മലിനമാക്കുകയാണ്.
പ്രശ്‌ന പരിഹാരത്തിനായി നവകേരളാ സദസ്സിലടക്കം പരാതി നല്‍കിയിരുന്നു. ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയെങ്കിലും അവ വെളിച്ചം കണ്ടില്ലന്നാണ് ആരോപണം. അതേസമയം അധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാമുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പൂവച്ചല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാര സമരം പുരോഗമിക്കുകയാണ്.