കോഴിക്കോട്: കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. നവകേരള സദസ്സ് നടക്കുന്നതിനാൽ മുന്നൊരുക്കം വേണമെന്ന് ഡിസിസിയെ അറിയിച്ചു. എന്നാൽ റാലിയിൽ മാറ്റമില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. മുൻ നിശ്ചയിച്ച പ്രകാരം കടപ്പുറത്ത് പരിപാടി നടത്തും.
നവംബർ 25 ന് കോഴിക്കോട് വെച്ചാണ് കോൺഗ്രസ് ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. കോൺഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺഗ്രസിന്റെ നീക്കം.
50000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈ പരിപാടി കഴിഞ്ഞശേഷം മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.