കാസറഗോഡ്, നീലേശ്വരം പാലായി വളവിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം അധികാരികളുടെ അനാസ്ഥ മൂലമെന്ന് ആരോപണം. ബസ്സുകൾ ഉൾപ്പടെ കടന്നുപോകുന്ന റോഡിന് ആവശ്യമായ വീതികൂടാത്തതാണ് അപകട കാരണം.റോഡിലെ അപകട സാധ്യതയെകുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിചെന്നാണ് പരാതി.
പാലായി റോഡ് മുതൽ ഷട്ടർ കം ബ്രിഡ്ജ് വരെയുള്ള പാതയിലെ യാത്ര ദുരിത പൂർണമാണ്. ഷട്ടർ കം ബ്രിഡ്‌ജ് പണിതശേഷം ഇതിലൂടെയുള്ള ബസ് യാത്ര ആരംഭിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ വീതി കൂടാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കയറ്റിറക്കത്തിൽ റോഡിന് ആവശ്യമായ വീതി ഒരുക്കാൻ അധികാരികൾ തയ്യാറായില്ലെന്നാണ് ആരോപണം. റോഡിൻ്റെ കുത്തനെയുള്ള ഇറക്കത്തിൽ ഇരു ഭാഗത്തും കോൺഗ്രീറ്റ് ഇട്ടതിനാൽ എതിരെ വരുന്ന വാഹനത്തിന് സൈഡ് നൽകുമ്പോൾ വണ്ടി തെന്നി മാറുന്നു ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം ഐ ടി ഐ വിദ്യാർത്ഥി വിഷ്ണു മരണപെട്ടതും സമാനമായ രീതിയിലാണ്.എതിരെ വരുന്ന കെ എസ് ആർ ടി സിക്ക് സൈഡ് കൊടുക്കാനായി വിഷ്ണു കോൺഗ്രീറ്റ് ഇട്ട സ്ഥലത്തിലേക്ക് കയറി ബ്രേക്ക് ചെയ്യുകയായിരുന്നു.
മഴക്കാലമായതിനാൽ കോൺഗ്രീറ്റിൽ വഴുവഴുപ്പ് ഉണ്ടായത് കൊണ്ട് വണ്ടി തെന്നിമാറി എതിരെവന്ന ബസിന്റെ അടിയിലേക്ക് വീഴുകയും ചെയ്തു. റോഡിന് ആവശ്യമായ വീതി കൂട്ടിയില്ലെങ്കിൽ സമാനമായ അപകടം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.