കൊച്ചി: തൃപ്പൂണിത്തുറയിൽ തളർന്നു കിടക്കുന്ന പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് വീടുവിട്ട സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ ലേബർ കോർണറിനു സമീപമുള്ള വാടക വീട്ടിൽ പിതാവ് ഷൺമുഖനെ തനിച്ചാക്കിയതിനു മകൻ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അജിത്തിനെതിരെ നേരത്തേതന്നെ പൊലീസ് കേസെടുത്തിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമാണു കേസ്. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാറാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ പൊലീസിനു നിർദേശം നൽകിയിരുന്നു. മന്ത്രി വീണാ ജോർജ് ഇടപെട്ട്, 75 വയസ്സുള്ള ഷൺമുഖനു ചികിത്സയും പരിചരണവും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നു. അജിത്തിനു പുറമേ ഷൺമുഖനു പെണ്‍മക്കളാണുള്ളത്. അജിത്തും സഹോദരിമാരും തമ്മിൽ കുറെക്കാലമായി ഭിന്നതയുണ്ടെന്നും പലവട്ടം പൊലീസ് ഇടപെട്ടിട്ടുണ്ടെന്നുമാണ് നാട്ടുകാരുടെ ഭാഷ്യം