Share this Article
image
200 വര്‍ഷത്തെ പഴക്കം; മൂന്ന് കാലഘട്ടത്തിലെ നാണയങ്ങള്‍, കണ്ണൂരിലേത് അമൂല്യ നിധി
വെബ് ടീം
posted on 17-07-2024
1 min read
coins-of-three-periods-200-years-old-kannur-is-a-precious-treasure

കണ്ണൂർ: ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിക്ക് 200 മുതല്‍ 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. നിധിശേഖരം 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫിസര്‍ കെ കൃഷ്ണരാജ് അറിയിച്ചു.

വെനീഷ്യന്‍ നാണയങ്ങളുപയോഗിച്ചാണ് കാശുമാല നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടത്തിലെ രാജാക്കന്‍മാരുടെ നാണയങ്ങളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. അറക്കല്‍ രാജവംശത്തിലെ അലി രാജാവിന്റെ കാലത്തെ കണ്ണൂര്‍ പണം എന്നറിയപ്പെടുന്ന നാണയങ്ങളും ഇന്‍ഡോ-ഫ്രഞ്ച് നാണയമായ പുതുച്ചേരിപ്പണം, സാമൂതിരിയുടെ രണ്ട് വെള്ളിനാണയം.കാശുമാലയോട് ചേര്‍ത്ത് ഇടാനുള്ള സ്വര്‍ണ്ണമുത്തുകള്‍, ജമിക്കി കമ്മല്‍ എന്നിവയും മറ്റ് കുറച്ച് സ്വര്‍ണാഭരണങ്ങളുമാണുള്ളത്. ആലിരാജാവിന്റെ കണ്ണൂര്‍ പണത്തിന് 200 വര്‍ഷത്തെ പഴക്കം കാണുമെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. 350 വര്‍ഷം പഴക്കമുള്ള നാണയങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെങ്കിലും നാണയത്തിന്റെ പഴക്കം നോക്കി നിധിശേഖരത്തിന്റെ പഴക്കം പറയാനാവില്ലെന്ന് കൃഷ്ണരാജ് പറഞ്ഞു. നിധിശേഖരം മണ്ണും ചെളിയുംപിടിച്ച് കിടക്കുന്നതിനാല്‍ ഇതിന്റെ മൂല്യം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൂക്കിനോക്കി സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിച്ച ശേഷം മാത്രമേ വില നിര്‍ണ്ണയിക്കാന്‍ സാധിക്കൂ. പ്രാഥമിക പരിശോധന നടത്തി പുരാവസ്തു വകുപ്പ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അടുത്ത ദിവസം തന്നെ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories