ആന പേടിക്ക് പുറമേ ഇപ്പോൾ പുലിപ്പേടിയും പിടികൂടിയിരിക്കുകയാണ് തൃശ്ശൂർ വടക്കാഞ്ചേരി അകമല നിവാസികളെ.. നാലുദിവസം മുൻപ് മേഖലയിൽ പുലിയെ കണ്ടതായി പ്രദേശവാസികളിൽ ചിലർ വെളിപ്പെടുത്തിയതോടെയാണ് നാട് ഭീതിയുടെ മുൾമുനയിലായത്..
പ്രദേശവാസി പുത്തൻവീട്ടിൽ ലോറൻസിന്റെ വീട്ടുപറമ്പിന് സമീപമാണ് 4 ദിവസം മുൻപ് രാത്രിയിൽ പുലിയെത്തി നായയെ പിടികൂടിയെന്നു കുടുംബം വെളിപ്പെടുത്തുന്നത്. ഇതോടെയാണ് പ്രദേശവാസികൾ ആകെ പുലിപ്പേടിയിലായത്..
പുലി എത്തി എന്ന ആഭ്യുഹം പരന്നതോടെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.താനും തൻ്റെ കുടുംബവും പുലിയെ നേരിട്ട് കണ്ടതായാണ് ലോറൻസ് പറയുന്നത്.
രാത്രി 9 മണിയോടെ നായ്ക്കൾ കൂട്ടത്തോടെ കുരക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ പുലിയെ വട്ടം ചുറ്റി നായ്ക്കൾ കുരക്കുന്നത് കണ്ടതായും ശബ്ദമുണ്ടാക്കിയപ്പോൾ നായ്ക്കളിൽ ഒന്നിനെ കടിച്ചെടുത്ത് പുലി കടന്നു കളഞ്ഞതായും ലോറൻസും കുടുംബവും പറയുന്നു.
അതേസമയം വനപാലകർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ മാത്രമേ പുലി സാന്നിധ്യം സ്ഥിരീകരിക്കാനാവുവെന്നും വനപാലകർ പറയുന്നു.