തിരുവനന്തപുരം കാട്ടാക്കടയിൽ വയോധിക ഷോക്കേറ്റ് മരിച്ചു. വത്സമ്മ എന്ന സ്ത്രീയാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലുറപ്പ് തൊഴിലാളിക്കും ഷോക്കേറ്റു. തൊഴിലുറപ്പ് ജോലിക്കിടെ തൈ നടുന്നതിനിടെ കോഴിഫാമിലെ വൈദ്യുതിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. രാവിലെ 10:45യോടെയായിരുന്നു സംഭവം. ഇഴ ജന്തുക്കൾ ഫാമിനുള്ളിൽ കടക്കാതിരിക്കാൻ വേലിയിൽ വൈദ്യുതി കടത്തി വിട്ടിരുന്നു.
തൊഴിലുറപ്പ് പണി നടക്കുന്നതിന് മുമ്പ് വൈദ്യുതി ഓഫ് ചെയ്യാറുണ്ട്. എന്നാൽ, ഇന്ന് തൊഴിലുറപ്പ് നടത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഫാം ഉടമ പറഞ്ഞു. അംബിക ദേവി എന്ന വ്യക്തിയുടെ പറമ്പ് പാട്ടത്തിനെടുത്ത് മറ്റൊരാളാണ് ഫാം നടത്തിയിരുന്നത്.
അതേസമയം, സുരക്ഷാവേലി അനധികൃതമായാണ് കെട്ടിയിരിക്കുന്നത് എന്ന് കെഎസ്ഇബി അറിയിച്ചു. സംഭവത്തിൽ കോഴിഫാം നടത്തിപ്പുകാരൻ അരവിന്ദനെതിരെ മാറനല്ലൂർ പോലീസ് കേസെടുത്തു.