Share this Article
എറണാകുളത്ത് ചികിത്സ തേടിയത് 5000ത്തോളം പേർ, പനിബാധയിൽ ജില്ല, ‍ പിടിവിട്ട് ഡെങ്കിയും മഞ്ഞപ്പിത്തവും
വെബ് ടീം
posted on 28-06-2024
1 min read
ernakulam-fever-outbreak

കൊച്ചി: കാലവർഷം തുടങ്ങി ഒരു മാസമായപ്പോൾ എറണാകുളം ജില്ലയിൽ പനി ബാധ രൂക്ഷമായി. ഡെങ്കിപ്പനി, വൈറൽപ്പനി, മഞ്ഞപ്പിത്ത ബാധയാണ് കൂടുതലായും പടർന്നിരിക്കുന്നത്. 

ജൂണ്‍ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5,000ത്തോളം 0 പേർ പനിയോ പനിലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഇതിൽ 200ലേറെ പേർക്ക് വൈറൽ പനി സ്ഥിരീകരിച്ചു.  ഡെങ്കിപ്പനി ബാധയും ജൂണിൽ കുത്തനെ കൂടി. ഒരാഴ്ചയ്ക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ചത് 239 പേർക്കാണ്. 219 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബുധനാഴ്ച മാത്രം 73 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 

മാസാരംഭം മുതൽ 25 വരെ 403 പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും 490 പേർ പനിബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ഏപ്രിലിൽ 262 പേർ ഡെങ്കിപ്പനിയുടെ ലക്ഷണം കാണിക്കുകയും 83 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തു.  മേയിൽ ഇത് യഥാക്രമം 253, 215 എന്ന കണക്കിലായിരുന്നു.  കാലവർഷമെത്തിയതോടെ ജൂണില്‍ ഡെങ്കിബാധ കുത്തനെ ഉയർന്നു.

ജില്ലയിൽ പടർന്നുപിടിച്ച മഞ്ഞപ്പിത്ത ബാധയ്ക്ക് കുറവുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ 37 പേർക്കാണ് രോഗമുണ്ടായത്. 60ലേറെ പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. പെരുമ്പാവൂരിലെ വേങ്ങൂരിലും കളമശ്ശേരിയിലുമാണ് മഞ്ഞപ്പിത്തം കൂടുതൽ ബാധിച്ചത്. വേങ്ങൂരിൽ കുടിവെള്ളത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ പടർന്നതായിരുന്നു അസുഖ കാരണം. അതേസമയം, മൂവാറ്റുപുഴ മേഖലയില്‍ അതീവ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി രോഗബാധയും റിപ്പോർട്ട് ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories