കൊല്ലം അഞ്ചലില്‍ 80 ഗ്രാമോളം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
അഞ്ചല്‍ സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ഷിജു, ഏറം സ്വദേശി സാജന്‍ എന്നിവരാണ് പിടിയിലായത്.കേസിലെ മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും മറ്റും ലഹരി മരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ ഷിജു ഓട്ടോറിക്ഷയില്‍ എംഡിഎംഎ കടത്തുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ് ടീം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പൊലീസ് ഷിജുവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സാജന്റെ വീട്ടില്‍ കൂടുതല്‍ എംഡിഎംഎ ഒളിപ്പിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാജന്റെ വീട്ടില്‍ നിന്ന് 77 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു.
അയിലറ സ്വദേശിയായ പ്രദീപ് ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം പ്രദീപ് എത്തിച്ച 100 ഗ്രാം എംഡിഎംഎയില്‍ 19 ഗ്രാം ഇരുവരും ചേര്‍ന്ന് വിറ്റിരുന്നു. ബാക്കിയുള്ളത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 3 ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.