ഇടുക്കി അടിമാലി ആനവിരട്ടിക്ക് സമീപം വീടിനോട് ചേര്‍ന്ന മണ്‍തിട്ടയില്‍ ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് മണ്‍തിട്ടയിടിഞ്ഞ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.പരിയാരത്ത് മത്തായി വര്‍ക്കി വാടകക്ക് താമസിച്ച് വന്നിരുന്ന ചന്ദ്രപ്പന്‍ എന്നയാളുടെ വീടാണ് തകര്‍ന്നത്.മത്തായി വര്‍ക്കിയുടെ ഗൃഹോപകരണങ്ങള്‍ നശിച്ചു.അപകടത്തില്‍ നിന്നും മത്തായി വര്‍ക്കിയുടെ ഭാര്യയും പേരക്കുട്ടികളും താലനാരിഴക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്.പരിയാരത്ത് മത്തായി വര്‍ക്കിയും കുടുംബവും അടിമാലി ആനവിരട്ടിക്ക് സമീപം ചന്ദ്രപ്പന്‍ എന്നയാളുടെ വീട്ടില്‍ വാടകക്കാണ് താമസിച്ച് വന്നിരുന്നത്.വീടിന് പിറകില്‍ ഒരു മണ്‍തിട്ടയുണ്ട്.ഈ മണ്‍തിട്ടയിലാണ് ശക്തമായ ഇടിമിന്നലേറ്റത്.
ഇടിമിന്നലിന്റെ ശക്തിയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചു.വീടിന്റെ പിറകു ഭാഗത്തെ ഒരു മുറി പൂര്‍ണ്ണമായി തകര്‍ന്നു.മണ്ണിനൊപ്പം ഭിത്തിയിടിഞ്ഞ് മുറിക്കുള്ളിലേക്ക് പതിച്ചു.അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് മത്തായിയുടെ ഭാര്യ അമ്മിണിയും പേരക്കുട്ടികളും മണ്ണിടിഞ്ഞെത്തിയ മുറിക്കുള്ളില്‍ നിന്നും പുറത്തേക്ക് പോയത്.തലനാരിഴക്ക് വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് കുടുംബം.
മണ്ണിടിഞ്ഞെത്തിയതിനെ തുടര്‍ന്ന് കട്ടിലടക്കമുള്ള വീട്ടുപകരണങ്ങള്‍ക്കും രണ്ട് തയ്യില്‍ മെഷ്യനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.മിന്നലിനെ തുടര്‍ന്ന് ഓട് മേഞ്ഞിരുന്ന വീടിന്റെ മേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചു.സംഭവത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകള്‍ സംഭവിച്ചില്ല.ദേശിയപാതയോരത്താണ് വീടുള്ളത്.
പാതയോരത്തോട് ചേര്‍ന്നുള്ള മണ്‍തിട്ടയാണ് ഇടിഞ്ഞ് പോന്നത്.ഈ സമയം പാതയോരത്ത് പിക്കപ്പ് ലോറി നിര്‍ത്തിയിട്ടിരുന്നു.മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വാഹനം ചെരിഞ്ഞെങ്കിലും താഴേക്ക് പതിക്കാതിരുന്നത് കൂടുതല്‍ അപകടം ഒഴിവാക്കി.