ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറ കമ്പിലൈൻ മേഖലയിൽ കാട്ടാന ആക്രമണം. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.
പ്രദേശവാസികളായ പ്ലാങ്കോട്ടിൽ സുകുമാരൻ, കല്ലറക്കൽ ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാനകൾ ഇറങ്ങി നാശം വരുത്തിയത്.പ്രദേശത്ത് ഇടക്കിടെ കാട്ടാനകളുടെ ശല്യമുണ്ടാകാറുണ്ട്.ഒരു കൊമ്പനും രണ്ട് പിടിയാനയും ഉൾപ്പെട്ട സംഘമായിരുന്നു കൃഷിയിടത്തിൽ എത്തിയത്.
രാത്രി ഒമ്പതുമണിയോടെ എത്തിയ കാട്ടാനകൾ അർധ രാത്രിയോടെയാണ് മടങ്ങിയത്. കർഷകരുടെ വാഴയും തെങ്ങും അടക്കമുള്ള കൃഷിവിളകൾക്ക് വലിയ തോതിൽ കാട്ടാനകൾ നാശം വരുത്തി. വലിയ നഷ്ടമാണ് കർഷകർക്ക് ഇതിലൂടെ സംഭവിച്ചത്. വനംവകുപ്പ് കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
കാട്ടാനകൾ താൽക്കാലികമായി ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങിയെങ്കിലും വീണ്ടും കൃഷിയിടങ്ങളിലേക്കെത്തുമോയെന്ന ആശങ്ക ആളുകൾക്കുണ്ട്. നേര്യമംഗലം വനമേഖലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് വാളറ കമ്പിലൈൻ മേഖല. കാട്ടാനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാൻ വനാതിർത്തിയിൽ ഫെൻസിംഗ് തീർക്കണമെന്നും ആവശ്യമുണ്ട്.