മലപ്പുറം പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി ഗഫൂര്‍, സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. കപ്പല്‍ ജീവനക്കാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്. കപ്പല്‍ വഴിമാറി പോകുമെന്ന് കരുതിയെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
അപകടത്തില്‍ സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനിയില്‍ നിന്ന് പുറപ്പെട്ട ഇസ്ലാഹ് എന്ന ബോട്ടില്‍ സാഗര്‍ യുവരാജ് എന്ന കപ്പലാണ് ഇടിച്ചത്.
ചാവക്കാട് മുനമ്പില്‍ നിന്നും 32 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. അപകടത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.അലക്ഷ്യമായി കപ്പല്‍ ഓടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കോസ്റ്റല്‍ പോലീസ് കേസെടുത്തത്. കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്നും കോസ്റ്റല്‍ പൊലീസ് വ്യക്തമാക്കി.