കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘര്‍ഷം. വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഐഎമ്മും രംഗത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡിൽ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പരസ്പരം കസേരകൾ എടുത്താണ് തല്ലിയത്.
നിലവില്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് മെമ്പര്‍മാര്‍ വോട്ട് ചെയ്യിക്കുന്നത്. വോട്ട് ചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലറുണ്ടായി. പുലര്‍ച്ചെ ആറ് മുതല്‍ വോട്ടെടുപ്പിന് വേണ്ടി ആളുകള്‍ ബാങ്കിലെത്തിയിരുന്നു.നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. ഈ ഔദ്യോഗിക പാനലുമായി ഡിസിസി നേതൃത്വം പിണങ്ങി പോകുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി.
സ്ഥലത്ത് എംകെ രാഘവൻ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ്- സിപിഐഎം പ്രവർത്തകർ നേർക്കുനേർ തുടരുകയാണ്.
ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഐഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയിരുന്നു. രാവിലെ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. ഏതാനും കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. സഹകരണ വകുപ്പിന്‍റെ പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവൻ എംപി ആരോപിച്ചു.