കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറാണ് ഒന്നാം പ്രതി. സംഭവത്തിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഐപിസി 406, 417, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഇപി ജയരാജനെ വ്യക്തിഹത്യ ചെയ്യാനാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു പോയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഇപി തന്റെ ആത്മകഥയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ കുറിപ്പുകളായെഴുതി കണ്ണൂർ ദേശാഭിമാനി ബ്യൂറോ ചീഫ് രഘുനാഥന് കൈമാറിയിരുന്നു. രഘുനാഥനിൽ നിന്നും എ വി ശ്രീകുമാർ ഇത് വാങ്ങുകയായിരുന്നു.പ്രസിദ്ധീകരിക്കാമെന്ന ഉറപ്പോടെയാണ് രഘുനാഥനിൽ നിന്ന് ശ്രീകുമാർ ഇത് വാങ്ങിയത്. എന്നാൽ രഘുനാഥൻ കൊടുത്ത ഭാഗങ്ങൾ മാത്രമല്ല, കൂടുതൽ ഭാഗങ്ങൾ ചേർത്തു കൊണ്ടാണ് പുസ്തകം പ്രസിദ്ധീകരണത്തിന്റെ അവസാനഘട്ടത്തിലേക്ക് എ വി ശ്രീകുമാർ എത്തിച്ചിരിക്കുന്നത്. നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നു.ഇദ്ദേഹത്തെ ഡിസി ബുക്സിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.