കോഴിക്കോടെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം സംബന്ധിച്ച് ഒരു തുമ്പ് പോലും ഇതുവരെയായി പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അതിനിടെ മലപ്പുറം എസ്.പി.എസ്.ശശിധരന്റെ നേതൃത്വത്തിൽ അടുത്തിടെ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.
2023 ആഗസ്റ്റ് 21 നാണ് കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപത്തുള്ള ഓഫീസിൽ നിന്നും മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. പിറ്റേന്ന് തന്നെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം തുടങ്ങിയിരുന്നു.
എന്നാൽ നഗര ഹൃദയത്തിൽ നിന്നും കാണാതായ മുഹമ്മദ് ആട്ടൂർ എങ്ങോട്ട് പോയി എന്നതിന് ഉത്തരം നൽകാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള ഒരു സിസിടിവി ദൃശ്യം പോലും ലഭിച്ചിട്ടുമില്ല.
പൊലീസ് ചിലരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം പോലും ഉയർന്നു. പൊലീസിന്റെ നിഷ്ക്രിയത്തിന്റെ നേരെ വിമർശനവും സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്.
വിഷയം നിയമസഭയിൽ വരെ ചർച്ചയായെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പിതാവിന്റെ തിരോധാനം ഒരു വർഷം പിന്നിടുമ്പോൾ കേസ് സിബിഐ ഏൽപ്പിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യമെന്ന് മുഹമ്മദ് ആട്ടൂരിന്റെ മകൾ അദീബ നൈന കേരള വിഷൻ ന്യൂസിനോട് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് കുടുംബത്തിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം. അതിൻ്റെ ഭാഗമായി നാളെ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മുഹമ്മദ് ആട്ടൂരിന്റെ സഹോദരി റംല പറഞ്ഞു.
കോഴിക്കോടിൻ്റെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് ആട്ടൂരിനെ നഗര ഹൃദയത്തിൽ നിന്നും കാണാതായിട്ടും ഒരു തുമ്പു പോലും കണ്ടെത്താനായില്ല എന്നുള്ളത് പൊലീസിൻ്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ്.
ഈ സാഹചര്യത്തിലാണ് നേരത്തെ ഉണ്ടായിരുന്ന അന്വേഷണസംഘത്തെ മാറ്റി മലപ്പുറം എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതുകൊണ്ട് കേസ് സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വാദം.മാമി എവിടെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം വേണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം.