Share this Article
കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് യാത്രക്കാരില്‍ നിന്ന് ഒരുകോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
വെബ് ടീം
posted on 09-10-2023
1 min read
GOLD SEIZED IN KANNUR

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. കാസര്‍കോട് സ്വദേശി അബ്ദുള്‍ നിഷാര്‍, വടകര സ്വദേശി മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

അതേ സമയം കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റും പിന്നിലുണ്ടെന്ന് പൊലീസ് . സിഐഎസ്എഫ് അസിസ്റ്റന്റ് കമാറ്റന്‍ഡന്റിന്റെ സഹായത്തോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയെന്ന് പൊലീസ്. കസ്റ്റംസ് ഉദ്യോഗസ്ഥനും കടത്തിന് കൂട്ടുനിന്നു. മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് തെളിവ് ശേഖരിച്ചത്. 

സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റഡന്റ് നവീനാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാത്രം കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തുവച്ച് മൂന്ന് തവണ പൊലീസ് പിടികൂടിയിരുന്നു. അതില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായ തെളിവുകള്‍ ലഭിച്ചത്. 

ഉദ്യോഗസ്ഥര്‍ക്കും കടത്തുകാര്‍ക്കും മാത്രം സംസാരിക്കാനായി പ്രത്യേക സിം ഇവരുടെ കൈവശം ഉണ്ടായിരുന്നു. കമാന്‍ഡന്റിന്റെ ഒത്താശയോടെ 60 തവണ സ്വര്‍ണം കടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊടുവള്ളി സ്വദേശി റഫീക്കിന് വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റന്‍ഡിന്റെയും കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും പേരില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരനായ ഷറഫലിയും സ്വര്‍ണം വാങ്ങാനെത്തിയ ഫൈസലില്‍ നിന്നുമാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories