എറണാകുളം : ലുലു ഗ്രൂപ്പിന്റെ സഹകരണത്തോടെ എന്റെ കൺമണിക്ക് കാരുണ്യ പദ്ധതിക്ക് ജൂൺ 12ന് തുടക്കമാകും. സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന മുഴുവൻ കുട്ടികൾക്കും ബേബി കിറ്റുകൾ ആദ്യ സമ്മാനമായി വിതരണം ചെയ്യുന്ന കാര്യണ്യ പദ്ധതിയാണ് എന്റെ കൺമണിക്ക് ഫസ്‌റ്റ് ഗിഫ്റ്റ്.
കേരളവിഷനും എൻ.എച്ച്. അൻവർട്രസ്റ്റും, കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അംഗീകാരത്തോടെ കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഡിസംബറിൽ കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി സ്പോൺസർ ചെയ്യുന്ന ബേബി കിറ്റുകളുടെ ആദ്യ ഘട്ട വിതരണോദ്ഘാടനം ജൂൺ 12 തിങ്കളാഴ്ച്ച രാവിലെ 10.30 ന് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് എം. എ. യൂസഫലി നിർമിച്ച് നൽകിയ ഗാന്ധിഭവനിൽ വെച്ച് നടക്കും. ഗാന്ധിഭവനിലെ അമ്മമാരാണ് നവജാത ശിശുക്കൾക്കുള്ള ആദ്യ സമ്മാന കിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് യഥാക്രമം കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ചടങ്ങുകൾ സംഘടിപ്പിച്ച് ബേബി കിറ്റുകൾ വിതരണം നടത്തും. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിക്കും.