തൃശ്ശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന് പരിശോധന ഫലം. എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനി ഷീല സണ്ണി ജയിലിൽ കിടന്നത് രണ്ടര മാസം. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്.
ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയുടെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്.
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമയെ പിടികൂടിയെന്നും പാർലറിൽ വരുന്ന യുവതികൾക്ക് ലഹരി വിൽപ്പന നടത്താനാണ് സ്റ്റാമ്പ് സൂക്ഷിതെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. പിടിച്ചെടുത്തത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞതോടെ എക്സൈസ് വെട്ടിലായിരിക്കുകയാണ്. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുവാനാണ് ഷീലയുടെ തീരുമാനം.