Share this Article
കൊറിയര്‍ വഴി വന്ന കഞ്ചാവ് വാങ്ങാന്‍ എത്തിയ ഫിറ്റ്‌നസ് സെന്റര്‍ ഉടമ പിടിയില്‍
Defendant

തൃശ്ശൂരില്‍  കൊറിയര്‍  വഴി വന്ന  കഞ്ചാവ് വാങ്ങാന്‍ എത്തിയ ഫിറ്റ്‌നസ് സെന്റര്‍ ഉടമ പിടിയില്‍.. നെടുപുഴ തെക്കുംമുറി സ്വദേശി  വിഷ്ണുവാണ് ടൗണ്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.. രണ്ട് പാക്കറ്റുകളിലായി  കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ  4 കിലോയില്‍ അധികം കഞ്ചാവ് പോലീസ് പിടികൂടി.

കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂര്‍ കൊക്കാലയിലുള്ള കൊറിയര്‍ സ്ഥാപനത്തില്‍ കൊറിയര്‍ വഴി  എത്തിയ  രണ്ട് പാക്കറ്റുകള്‍  കണ്ടതോടെ ജീവനക്കാര്‍ക്ക് സംശയം തോന്നി തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി പരിശോധിച്ചപ്പോള്‍ രണ്ടു പാക്കറ്റുകളില്‍  നിന്നായി നാല് കിലോ 168 ഗ്രാം  കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് പാഴ്‌സല്‍ കൊണ്ടുപോകാനായി വന്ന  കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പോലീസ് അന്വേഷണം നടത്തുന്ന വിവരം അറിഞ്ഞ  പ്രതി തന്റെ ഫിറ്റ്‌നസ് സ്ഥാപനത്തിലേക്ക് വരാതെ മുങ്ങി നടക്കുകയായിരുന്നു. ഒടുവില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയെ നെടുപുഴ പള്ളി പരിസരത്ത് വച്ച് പിടികൂടുകയായിരുന്നു.

പ്രതിക്ക് തൃശൂര്‍ വെസ്റ്റ്,  അന്തിക്കാട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും,  തൃശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലും കേസുകള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories