ആലപ്പുഴ നഗരസഭാധ്യക്ഷയായി സിപിഐ എംലെ കെ കെ ജയമ്മയെ തെരഞ്ഞെടുത്തു. നഗരസഭാധ്യക്ഷയായിരുന്ന സൗമ്യരാജ് മുൻധാരണപ്രകാരം രാജിവച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കെ കെ ജയമ്മയെ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുത്തത്.
ബാലസംഘം പ്രവർത്തകയായ ശേഷം ആര്യാട് സ്കൂളിലെത്തിയപ്പോൾ ജയമ്മ എസ്എഫ്ഐ പ്രവർത്തകയായി. പ്രീഡിഗ്രിയും ടൈപ്പ്‌റൈറ്റിങ്ങും ഡിടിപിയുമാണു വിദ്യാഭ്യാസം. 1995ൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് ആദ്യ മത്സരം. അന്നു പ്രായം കുറഞ്ഞ കൗൺസിലറായി. 2005ൽ തോറ്റു, 2010ൽ വീണ്ടും ജയിച്ചു. നെഹ്റു ട്രോഫി വാർഡിൽ നിന്നു മൂന്നാം ജയമായിരുന്നു ഇത്തവണ.
കർഷകത്തൊഴിലാളി കുടുംബാംഗമാണ് ജയമ്മ. ഭർത്താവ് ആർ.ഷീൻ ഡിവൈഎഫ്ഐ മുൻ ഏരിയ വൈസ് പ്രസിഡന്റാണ്. ജയമ്മയ്ക്കു കയർ ക്ഷേമനിധി ബോർഡിലും കയർ സൊസൈറ്റിയിലും താൽക്കാലിക ജോലിയുണ്ടായിരുന്നു. സ്ഥാനാർഥിയായപ്പോൾ പാർട്ടി നിർദേശപ്രകാരം ജോലി വിട്ടു. 12 വർഷമായി പാർട്ടി ഏരിയ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്.