വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ഇടുക്കി കട്ടപ്പന കുന്തളം പാറയിൽ 65 കാരിയായ അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ അയൽവാസിയായ പ്രതി മണിക്കാണ് ഇടുക്കി അഡീഷണൽ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി 23 വർഷം ശിക്ഷ അനുഭവിക്കണം.
2020 ജൂൺ രണ്ടിന് രാത്രി 8:30 ആണ് കട്ടപ്പന കുന്തളം പാറ പ്രിയദർശിനി കോളനിയിലെ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണി കൊല ചെയ്യപ്പെടുന്നത്. സമീപവാസി തന്നെയായ പ്രതി മണിയാണ് അമ്മിണിയെ കൊലപ്പെടുത്തിയത്.
പീഡനവും മോഷണവും ആയിരുന്നു പ്രതിയുടെ ലക്ഷ്യം. സമീപത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മണി രാത്രിയിൽ അമ്മിണിയുടെ വീട്ടിലെത്തി കടന്നുപിടിച്ചു.
കുതറി മാറാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ ഉണ്ടായിരുന്ന കത്തി കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തി. അമ്മിണി വീണ്ടും പ്രതിരോധിച്ചതോടെ കത്തികൊണ്ട് കഴുത്തിൽ കുത്തി.
മണിയുടെ ദേഹത്തേക്കും രക്തം വീണതോടെ അല്പം ഭയന്നു ഇവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു പോയി. വസ്ത്രം മാറി തിരിച്ചെത്തി അപ്പോഴേക്കും അമ്മിണി മരണപ്പെട്ടിരുന്നു.
പിന്നീട് രക്ഷപ്പെടുന്നതിനായി തെളിവു നശിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ നടത്തി. രക്തംപുരണ്ട വസ്ത്രങ്ങളും മറ്റും റോഡരികിൽ ഇട്ട് കത്തിച്ചു മൊബൈൽ ഫോണിന്റെ ബാറ്ററി ഊരി മാറ്റി ഒളിപ്പിച്ചു. അടുത്ത ദിവസം മുതൽ ഒന്നും സംഭവിക്കാത്ത രീതിയിൽ പ്രതി ജോലിക്ക് പോയി തുടങ്ങി.
ജൂൺ ആറിന് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ പ്രതി സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും തൂമ്പ വാങ്ങി കുഴിയെടുത്തു. ഏഴാം തീയതി രാത്രി അമ്മിണിയുടെ മൃതദേഹം വലിച്ച് കുഴിക്കുള്ളിൽ ഇട്ട് മൂടി.
വീട്ടിലെ പാത്രങ്ങളും റേഡിയോയും അടക്കം മോഷ്ടിച്ച പ്രതിയുടെ വീട്ടിലെ ബാത്റൂമിൽ ഒളിപ്പിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കാൻ ആയിരുന്നു ശ്രമം. പുറ്റടിയിലെത്തി പച്ചക്കറി വാഹനത്തിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയാണ് ചെയ്തത്.
പോലീസ് അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് പ്രതിയെ പിടികൂടുകയും തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കുകയും ചെയ്തത്. ഈ കേസിലാണ് ഇപ്പോൾ ഇടുക്കി അഡീഷണൽ കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.
ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത് എങ്കിലും വിവിധ വകുപ്പുകളിലായി 23 വർഷം ശിക്ഷ അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചു കയറൽ മോഷണം കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കൊലപാതകം നടന്ന നാല് വർഷത്തിനു ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്.