തൃശ്ശൂരിൽ ആവേശം മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് പോലീസ്. 151 വകുപ്പു ചുമത്തി അറസ്റ്റ് ചെയ്ത അനൂപിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടിയിൽ കൊലക്കേസ് പ്രതികളടക്കം പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തൽ.
തൃശ്ശൂർ കുറ്റൂരിലെ കോൾപ്പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം 60ലധികം ആളുകളെ പങ്കെടുപ്പിച്ചുള്ള പാർട്ടി നടത്തിയത്. കൊലക്കേസ് വിചാരണ തടവുകാരനായ അനൂപിനെ കോടതി കുറ്റവിമുക്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി.
പാർട്ടി നടക്കുന്ന പാടശേഖത്തിന് സമീപം പോലീസ് വാഹനവും എത്തിയിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാനാവാത്തതിൽ സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകുകയാണെന്നായിരുന്നു അനൂപിന്റെ വിശദീകരണം.
ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയിൽ പെട്ടികളിലായി മദ്യം കൊണ്ട് വരുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ റീൽസായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആവേശം മോഡലിൽ ‘എടാ മോനെ‘ എന്ന ഹിറ്റ് ഡയലോഗോടെയാണ് അനൂപിന്റെ എൻട്രി.
ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പല ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസുകളിലും ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച അനൂപിൽ നിന്നും വിശദമായ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.