എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ പ്രചരണത്തിനായി അണിയിച്ചൊരുക്കിയ പ്രമോ വീഡിയോ വൈറലായതോടെ ശ്രദ്ധേയനാവുകയാണ് തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളേജിലെ ബിരുദ വിദ്യാർത്ഥി അഭിജിത്ത് സന്തോഷ്.
തെളിനാളമായി നവദീപമായി എന്ന് തുടങ്ങുന്ന അഭിജിത്ത് ആലപിച്ച പ്രമോ വീഡിയോയിലെ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയത്.
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നവംബർ നാലിന് കൊച്ചിയിൽ തിരിതെളിയുമ്പോൾ ഒരു പുതിയ ഗായകനെ കൂടി മലയാളികൾക്ക് ലഭിച്ചിരിക്കുകയാണ്.സ്കൂൾ കായിക മേളയ്ക്കായി അണിയിച്ചൊരുക്കിയ പ്രൊമോ ഗാനം ആലപിച്ചാണ് തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അഭിജിത്ത് സന്തോഷ് ശ്രദ്ധേയനാകുന്നത്.
പ്രമോ വീഡിയോയിൽ പാടാൻ അവസരം ലഭിച്ചത് ആർ.എൽ.വി കോളജിലെ സഹപാഠി വഴിയാണെന്ന് അഭിജിത്ത് പറയുന്നു. പ്രെമോ വീഡിയോയിൽ ശാരീരിക പരിമിതികളെ മറികടന്ന് കാലുകൾകൊണ്ട് ചിത്രംവരയ്ക്കുകയും സൈക്കിൾ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുന്ന പാലക്കാട് ആലത്തൂർ സ്വദേശി പ്രണവിന്റെ ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇതിന് അകമ്പടിയായി അഭിജിത്ത് ആലപിച്ച തെളിനാളമായി നവദീപമായി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പൊൾ ശ്രദ്ധേയമാകുന്നത്. സംസ്ഥാന കായികമേളയുടെ പ്രചാരണാർഥം പുറത്തിറക്കിയ വീഡിയോയുടെ നിർമാണം മിൽമയാണ് നിർവഹിച്ചിരിക്കുന്നത്.
സർജി വിജയൻ രചന നിർവഹിച്ച ഗാനത്തിന് ചലച്ചിത്ര സംഗീത സംവിധായകൻ ബിബിൻ അശോകാണ് ഈണം പകർന്നിരിക്കുന്നത്.പ്രമോ വീഡിയോയും ഗാനവും കേരളം ഏറ്റെടുത്തതോടെതന്നെ തേടിയെത്തിയ ഭാഗ്യ നിമിഷത്തിൻ്റെ ഞെട്ടലിലാണ് അഭിജിത്ത്.