Share this Article
ആറന്മുള വള്ള സദ്യ; ആചാരങ്ങളും വിശേഷങ്ങളും
Aranmula Valla Sadya; Rituals and features

ചരിത്ര പ്രസിദ്ധമായ അറന്മുള വള്ളസദ്യ കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. ഭക്തരും ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഐതിഹ്യമാണ് ആറന്മുള വള്ള സദ്യയ്ക്ക് പറയാന്‍ ഉള്ളത്. ദിവസവും നിരവധി പേരാണ് ആറന്മുള വള്ള സദ്യയുടെ ഭാഗമാകാന്‍ ക്ഷേത്രത്തില്‍ എത്തുന്നത്. 

പഞ്ച പാണ്ഡവരില്‍ മദ്ധ്യമനായ അര്‍ജ്ജുനന്‍ ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിച്ചതായി വിശ്വസിക്കുന്ന ഏറ്റവും പുരാതനവും പ്രസിദ്ധവുമായ മഹാസദ്യയാണ് ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്നത്. അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പില്‍ ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണ് ആറന്മുള വള്ള സദ്യ.

ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ വള്ളസദ്യയില്‍ പങ്കെടുക്കാനായി എത്തുന്നത്. കര്‍ക്കിടകം 15 മുതല്‍ കന്നി 15 വരെ നീണ്ടു നില്‍ക്കുന്ന വള്ളസദ്യ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിക്കാനായാണ് ഭക്തര്‍ സമര്‍പ്പിക്കുന്നത് എന്നാണ് വിശ്വാസം.

തൂശനിലയിട്ട സദ്യയില്‍ 44 വിഭവങ്ങളാണ് വിളമ്പുന്നത്. ഇത് കൂടാതെ ചോദിച്ച് മേടിക്കാന്‍ സാധിക്കുന്ന 20 വിഭവങ്ങള്‍ കൂടി വള്ളസദ്യയുടെ ഭാഗമാണ്. വള്ളപ്പാട്ടില്‍ കൂടിയാണ് ഈ വിഭവങ്ങള്‍ ചോദിച്ചു മേടിക്കുന്നത്.

മടന്തയില തോരന്‍, മോദകം, അട, കദളി, കാളിപ്പഴങ്ങള്‍, തേന്‍ തുടങ്ങിയവയാണ് കരക്കാര്‍ ശ്ലോകം ചൊല്ലി ആവശ്യപ്പെടുന്ന വിഭവങ്ങള്‍. കരക്കാര്‍ക്ക് മാത്രമാണ് ഈ 20 വിഭവങ്ങള്‍ ലഭിക്കുന്നത്. കൂടാതെ വഴിപാടുകാര്‍ക്കും അവരുടെ ക്ഷണം സ്വീകരിച്ച് വരുന്നവര്‍ക്കും 64 വിഭവങ്ങളും ലഭിക്കും.

ഭക്തനൊപ്പം ആറന്മുളേശനം സദ്യ കഴിക്കാന്‍ എത്തുന്നു എന്നതാണ് വിശ്വാസം. വിശ്വാസത്തിനോടൊപ്പം ഒരു കാലത്തിന്റെയും ഒത്തൊരുമയുടെയും അടയാളമായി ആറന്മുള വള്ളസദ്യ മാറുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories