തൃശ്ശൂരിൽ പോലീസിന്റെ വൻ ലഹരി വേട്ട.. കാറിൽ കടത്തുകയായിരുന്ന 330 ഗ്രാം എം.ഡി.എം.എ യുമായി രണ്ടുപേരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും ടൗൺ വെസ്റ്റ് പോലീസും ചേർന്ന് പിടികൂടി.
തൃശ്ശൂർ പുഴക്കലിൽ ഇന്നലെ വൈകിട്ട് ആയിരുന്നു ലഹരി വേട്ട. കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരാണ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നതിന് വിപണിയിൽ 10 ലക്ഷം രൂപയോളം വില വരും. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ബാംഗ്ലൂരിൽ നിന്ന് ആണ് ഇരുവരും മയക്കുമരുന്ന് വാങ്ങിയത്. ചാവക്കാട്, ഗുരുവായൂർ തുടങ്ങി തൃശ്ശൂരിന്റെ തീരദേശ മേഖലകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. പ്രതികളിൽ കാസർഗോഡ് സ്വദേശി നജീബിന് മലേഷ്യയിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു.
ഇതിൽ നഷ്ടം വന്നതോടെയാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും, ബാംഗ്ലൂരിൽ എവിടെ നിന്നുമാണ് മയക്കുമരുന്ന് ലഭിച്ചത് എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘത്തിൽ ഇനിയും കൂടുതൽ പേർ പിടിയിൽ ആകാനുണ്ടെന്ന് പോലീസ് അറിയിച്ചു.സമീപകാലത്ത് തൃശൂർ സിറ്റി പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ കുതിരാനിലും, ആളൂരിലും, കൊരട്ടിയിലും എം ഡി എം എ പിടികൂടിയിരുന്നു.