കോഴിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. പുതുപ്പാടി ചിപ്പിലത്തോട് കോൺവെൻ്റ് പരിസരത്താണ് സംഭവം. കുളത്തിങ്കൽ ജോജിയുടെ പറമ്പിലെ 150 റബ്ബർ തൈകളും ബെന്നി പടിക്കലിൻ്റെ പറമ്പിലെ തെങ്ങുകളുമാണ് നശിപ്പിച്ചത്.
ചുറ്റും സ്ഥാപിച്ചിരുന്ന ഇരുമ്പ് വല കൊണ്ടുള്ള വേലി തകർത്താണ് കോഴിക്കോട് പുതുപ്പാടി ചിപ്പിലത്തോട് കോൺവെൻ്റ് പരിസരത്തെ കൃഷിയിടത്തിലേക്ക് കാട്ടാന ഇറങ്ങിയത്. കുളത്തിങ്കൽ ജോജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കയറിയ കാട്ടാന 150 റബ്ബർ തൈകൾ നശിപ്പിച്ചു.
പിന്നാലെ ബെന്നി പടിക്കലിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ എത്തി 5 തെങ്ങുകളും നശിപ്പിച്ചു. ഇടയൻ കുന്നേൽ രാജു, സലിൻ, പുള്ളാശ്ശേരി സണ്ണി, ജെയ്സൺ എന്നിവരുടെ വീട്ടുമുറ്റത്തും കാട്ടാന എത്തിയിരുന്നു. പ്രദേശത്ത് വൈകിട്ട് ആറുമണി മുതൽ പുലർച്ചെ വരെ കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ശല്യം രൂക്ഷമായിട്ടും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന കാട്ടാനയെ തുരത്താനായി ശബ്ദം ഉണ്ടാക്കിയാലും പടക്കം പൊട്ടിച്ചാലും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്ന കാട്ടാനശല്യം തടയാനായി സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. അതിനുശേഷം കാട്ടാന ശല്യം തുടരുന്നതോടെ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്.