തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം അഞ്ചലിൽ നിന്നുള്ള നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദ സഞ്ചാര മേഖലയായ പൊൻമുടി വളവിലാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വെച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേർക്കും ഗുരുതരമായി പരിക്കേറ്റു. കൊല്ലം അഞ്ചല്‍ സ്വദേശികളായ നവ്‌ജോത്,ആദില്‍,അമല്‍,ഗോകുല്‍ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ഇവരെ ആശുപത്രിയിൽ എത്തിക്കാനായത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുസ്സഹമായിരുന്നു. വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.