ശബരിമലയിൽ ഭക്തജനത്തിരക്ക്. വലിയ നടപ്പന്തലിലും ഫ്ലൈ ഓവറിലും നീണ്ട ക്യൂ അനുഭവപ്പെട്ടു. ചൊവ്വാഴ്ച്ച 75551 പേരാണ് ദർശനം പൂർത്തിയാക്കി മടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തിരക്കാണ് സന്നിധാനത്ത് രാവിലെ അനുഭവപ്പെട്ടത്. വലിയ നടപ്പന്തലിലും ഫ്ലൈ ഓവറിലും തീർത്ഥാടകരുടെ നീണ്ട ക്യൂ പ്രകടമായിരുന്നു. കുറച്ചു സമയം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ബുദ്ധിമുട്ടില്ലാതെ, ദർശനം പൂർത്തിയാക്കാൻ തീർത്ഥാടകർക്ക് കഴിഞ്ഞു.
എത്ര തിരക്ക് വർധിച്ചാലും സുഗമമായി ദർശനം നടത്താനുള്ള ക്രമീകരണം ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് ഒരുക്കിയിട്ടുണ്ട്. പതിനയ്യായിരം വരെ ആളുകളാണ് വിവിധയിടങ്ങളിലെ സ്പോട് ബുക്കിങ്ങിലൂടെ ശബരിമലയിലേക്ക് എത്തുന്നത്. വെർച്വൽ ക്യൂ വഴി എഴുപതിനായിരം പേർ ബുക്ക് ചെയ്യുന്നുണ്ടെങ്കിലും അത്രത്തോളം പേർ ദർശനത്തിന് എത്തുന്നില്ല.
കാനന പാതവഴി സന്നിധാനത്ത് എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. രാവിലെ തിരക്ക് അനുഭവപ്പെടുമ്പോഴും ഉച്ചയ്ക്ക് ശേഷം തിരക്കുണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചൊവ്വാഴ്ച്ച 75551 പേരാണ് സന്നിധാനത്ത് ദർശനം പൂർത്തിയാക്കി മടങ്ങിയത്. ഈമാസം 26നാണ് മണ്ഡലപൂജ. അവധി ദിവസങ്ങൾ കൂടി കണക്കിലെടുത്ത്' വരും ദിവസങ്ങളിൽ കൂടുതൽ പേർ ദർശനത്തിനെത്തിയേക്കും