കാട്ടാന പേടിയിലമർന്ന് തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭയിലെ അകമല ഗ്രാമം..ഉത്രാളിക്കാവ് ക്ഷേത്രത്തിന് പുറകിലുള്ള അകമല താഴ്‌വാരത്തെ തൂമാനം, കുഴിയോട്, പട്ടാണിക്കാട്, ചേപ്പക്കോട് പ്രദേശങ്ങളിലാണ് അടുത്തിടെയായി കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ നാട്ടിൽ സ്വൈര്യമായി കഴിഞ്ഞിരുന്നവരാണ് ഇവിടെയുള്ളവർ. എന്നാൽ ഇന്ന് വന്യജീവികളെ പേടിച്ച് വൈകുംനേരം 7 മണി കഴിഞ്ഞാൽ വീട്ടിൽ നിന്ന് മുറ്റത്തേക്ക് പോലും ഇറങ്ങാതെയായി.ഇവിടത്തുകാരിൽ ഭൂരിഭാഗവും കർഷകരാണ്.
റമ്പറാണ് പ്രധാനവിള. ഒപ്പം തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറികളും എല്ലാം കൃഷി ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിലായി ഇന്നലെ പുലർച്ചയാണ് മേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്.. നേരത്തെ കാട്ടാന ഇറങ്ങി 300ലധികം വാഴകളും തെങ്ങുകളും നശിപ്പിച്ചിരുന്നു.
ആനപ്പേടി മൂലം റമ്പർ ടാപ്പിങ്ങിന് വരെ ആളെ കിട്ടാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. ആന ശല്യത്തിന് പുറമേ കാട്ടുപന്നികളുടേയും മാനിൻ്റെയും മയിലിൻ്റെയും കുരങ്ങുകളുടെയും ശല്യം പ്രദേശത്തുണ്ട്. കുട്ടികളെ വീടിന് പുറത്തേക്ക് കളിക്കാൻ വിടാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു..
പീച്ചി വനമേഖലയിൽ നിന്നുമാണ് വാഴാനി കാടുകളിലേക്ക് വന്യജീവികൾ കടക്കുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് തടയിടാൻ വാഴാനി മുതൽ പട്ടാണിക്കാട് വരെയുള്ള പ്രദേശത്ത് സൗര വേലി സ്ഥാപിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.