ശബരിമലയുടെ സമഗ്ര വികസനവും തീര്‍ത്ഥാടകരുടെ സുരക്ഷയും സുഖദര്‍ശനവും ലക്ഷ്യമിട്ട് 2006 ല്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. കാനന ക്ഷേത്രമായ ശബരിമലയുടെ പരിമിതികള്‍ ഉള്‍ക്കൊണ്ടുള്ള സമഗ്ര വികസനം ലക്ഷ്യമാക്കി ഡല്‍ഹി ആസ്ഥാനമായ ഇന്‍ഫ്രസ്ട്രക്ച്ചര്‍ ലീസ് ആന്‍ഡ് ഫിനാന്‍സ് എന്ന സ്ഥാപനമാണ് 2050 വരെയുള്ള പദ്ധതി തയ്യാറാക്കിയത്.
2007ല്‍ സംസ്ഥാന സര്‍ക്കാരിലാണ് സംസ്ഥാനസര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചത്. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതം വകയിരുത്തിത്തുടങ്ങി. ഇതുവരെ 335 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 142.5 കോടി രൂപ ചെലവഴിച്ചു.
ഈ വര്‍ഷവും ശബരിമല മാസ്റ്റര്‍ പ്ലാനിനായി സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. പമ്പ ഹില്‍ടോപ്പില്‍ നിന്നും ഗണപതി കോവിലിലേക്ക് പാലം , ദര്‍ശനം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകരെ പമ്പയിലേക്ക് മടക്കി അയക്കാനായി മാളികപ്പുറത്തു നിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്ക് ഫ്‌ലൈ ഓവര്‍ , പ്രസാദ മണ്ഡപം, തന്ത്രി-മേല്‍ശാന്തി മഠങ്ങള്‍, തിരുമുറ്റ വികസനം, സന്നിധാനത്തെ അന്നദാന മണ്ഡപം , തീര്‍ത്ഥാടകര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനം ഒരുക്കല്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ സുരക്ഷാ ഇടനാഴി, പില്‍ഗ്രിം സെന്റര്‍ നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്ളത്.
വനം - ദേവസ്വം ബോര്‍ഡ് വകുപ്പുകള്‍ തമ്മില്‍ വര്‍ഷങ്ങളായി നീണ്ടുനിന്നിരുന്ന തര്‍ക്കങ്ങള്‍ മന്ത്രിസഭാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ പരിഹരിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി ഇരു വകുപ്പുകളും സംയുക്തമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവന്‍ വെയ്ക്കുന്നത്.
പമ്പ ഹില്‍ടോപ്പ് - ഗണപതി കോവില്‍ പാല നിര്‍മ്മാണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ആവശ്യമുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കേന്ദ്ര മന്ത്രാലയത്തെ സമീപിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്.