സമൂഹമാധ്യമത്തിലൂടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിതിയില്‍. തൃശ്ശൂര്‍ പരത്തിപ്പാറ സ്വദേശി സി.എം.യാസിറിനെയാണ് പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്.
കരിവെള്ളൂര്‍ സ്വദേശി സന്ദീപാണ് തട്ടിപ്പിനിരയായത്. സന്ദീപിന്റെ കൈയ്യില്‍നിന്നും 2,86,500 രൂപയാണ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി യാസിര്‍ തട്ടിയെടുത്തത്. തുടര്‍ന്ന് സന്ദീപിന്റെ പരാതിയില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഒരു വാട്സാപ്പ് നമ്പറില്‍ നിന്നും പാര്‍ട് ടൈം ബിസിനസിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ദീപന്‍ഷി നഗര്‍ എന്ന ടെലഗ്രാം ഐഡിയിലൂടെ വിവിധ ടാസ്‌കുകള്‍ നല്‍കിയാണ് പ്രതി പണം തട്ടിയത്.
ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ലാഭമോ നല്‍കിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതിക്കാരനായ സന്ദീപിന്റെ പരാതിയില്‍ പറയുന്നത്. എറണാകുളത്ത് വച്ചാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.വിനോദ്കുമാറിന്റെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി പയ്യന്നൂരെത്തിച്ചത്.