ഇടുക്കി ഉപ്പുതറയിൽ ഏലക്ക മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ. ചീന്തലാർ സ്വദേശികളായ റെജി.പി.ആർ, സന്തോഷ്, ജിനു വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.
ചീന്തലാർ ലൂസിഫർ പള്ളിക്കു സമീപം മൂന്നാം ഡിവിഷനിൽ പുല്ലാട്ട് റജി എന്നയാളുടെ പാട്ടഭൂമിയിൽ നിന്നാണ് പ്രതികൾ 25 കിലോ പച്ചഏലക്ക മോഷ്ടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ റജിയുടെ വീട്ടിൽവെച്ച് ശരത്തിൽനിന്നും ഏലക്ക അടർത്തുന്നതിനിടെയാണ് പിടിയിലായത്.
പുറത്തു നിന്നും താഴിട്ടു പൂട്ടിയ നിലയിലായിരുന്നു വീട്. ഏലക്ക മോഷണം പോയ വിവരം ഇതിനോടകം നാട്ടുകാർ അറിഞ്ഞിരുന്നു. പുറത്തു നിന്നും പൂട്ടിയിരുന്ന വീടിനുള്ളിൽ ആളനക്കം ഉണ്ടെന്നു സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉപ്പുതറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വില ഉയർന്നതോടെ പ്രദേശത്ത് ഏലക്ക മോഷണം വ്യാപകമായിട്ടുണ്ട്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.