Share this Article
ശ്രേഷ്ഠ ബാവായ്ക്ക് നൽകിയ വാക്ക് പാലിക്കും, സഭാ തർക്കം പരിഹരിക്കാൻ സർക്കാർ ആവശ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി
വെബ് ടീം
posted on 02-11-2024
22 min read
cm pinarayi

കൊച്ചി: ശ്രേഷ്ഠ ബാവയെ ഏറ്റുവാങ്ങി ജന്മനാട്. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് വിടചൊല്ലി വിശ്വാസലോകം.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കേരളത്തിന്റെ രാഷ്ട്രീയ  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.ഉച്ചയോടെ സഭ ആസ്ഥാനത്ത് എത്തിയാണ് മുഖ്യമന്ത്രി യാക്കോബായ സഭയുടെ പ്രാദേശിക തലവന് ആദരഞ്ജലി അർപ്പിച്ചത്.

സഭാ തർക്കം പരിഹരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ തോമസ് പ്രഥമൻ ബാവായ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു മനുഷ്യൻ തന്റെ ജീവിതകാലത്ത് ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും ഓർമിക്കപ്പെടുന്നത് ആവുക എന്നത് അത്യപൂർവം ആളുകൾക്ക് മാത്രം കഴിയുന്നതാണെന്നും ശ്രേഷ്ഠ ബാവയുടെ ജീവിതം അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദീർഘകാലം പുരോഹിതനായി പ്രവർത്തിച്ച ശ്രേഷ്ഠ ബാവാ തിരുമേനി യഥാർഥ പുരോഹിതനാണ് എന്നു പറയുന്നതിൽ അതിശയോക്തി ഇല്ല. എല്ലാക്കാലത്തും തികഞ്ഞ പോരാളിയായിരുന്നു ബാവാ. പൗരോഹിത്യത്തിന്റെ നിറവിൽ നിൽക്കുമ്പോഴും തെറ്റിനെതിരെ ശക്തമായി നിലകൊള്ളാനും ശരിക്കു വേണ്ടി ഏതറ്റം വരെയും പോകാനുമുള്ള വ്യക്തിത്വമായിരുന്നു ശ്രേഷ്ഠ ബാവ. അദ്ദേഹം ധീരതയുടെ പര്യായമായിരുന്നു. മനുഷ്യസ്നേഹം ഇത്രമാത്രം നിറഞ്ഞു നിൽക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. അദ്ദേഹം എല്ലാവരുമായും അഗാധമായ വ്യക്തിബന്ധം പുലർത്തിയെന്ന് മുഖ്യമന്ത്രി ഓർത്തെടുത്തു.

സഭാ കാര്യങ്ങളില്‍ ശ്രേഷ്ഠ ബാവായ്ക്ക് മനഃപ്രയാസങ്ങൾ ഉണ്ടായിരുന്നു എന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭാ തർക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ജീവിതകാലത്ത് തീർത്തുപോകണമെന്ന് അദ്ദേഹത്തിന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലും അതിനു മുൻപും പ്രശ്നപരിഹാരത്തിന് പലവിധത്തിലുള്ള ഇടപെടലുകളും നടത്തിയിരുന്നു. ആ പ്രശ്നപരിഹാരത്തിന് ചെറിയ പങ്കാളിയാകാൻ താനും ശ്രമിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രശ്നപരിഹാരത്തിന് സർക്കാരിന് എന്തു നിലപാടും സ്വീകരിക്കാം, താനും സഭയും അതിനൊപ്പമുണ്ടാകും എന്നാണ് ശ്രേഷ്ഠ ബാവ തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓര്‍മിച്ചു. പ്രശ്നപരിഹാരമാണ് വലുത് എന്ന വാക്കിൽ ബാവാ അണുവിട മാറ്റം വരുത്തിയില്ല. എന്നാൽ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പ്രശ്നപരിഹാരം സാധ്യമായില്ല. പ്രശ്നപരിഹാരത്തിന് സർക്കാർ എന്ന നിലയിലും സമൂഹം എന്ന നിലയിലും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ശ്രേഷ്ഠ ബാവായ്ക്ക് നൽകിയ വാക്ക് ആവർത്തിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories