കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായ മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ മരണം 297 ആയി. 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇനിയും 200-ലധികം പേരെ കണ്ടെത്താനുണ്ട്.
രക്ഷാ പ്രവര്‍ത്തനം നാലാംദിനവും തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല ഭാഗത്ത് 40 ടീമുകള്‍ തെരച്ചില്‍ മേഖലയെ 6 സോണുകളായി തിരിച്ചാണ് ഇന്നത്തെ തെരച്ചില്‍. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍.
മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. 25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും.
ഓരോ ആംബുലന്‍സിനും ജില്ലാ കളക്ടര്‍ പ്രത്യേക പാസ് നല്‍കും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്നും മന്ത്രി കെ.രാജന്‍ അറിയിച്ചു.