രാമനാട്ടുകരയിലെ ജ്വല്ലറി കവര്‍ച്ച കേസിൽ കമ്പ്യൂട്ടർ വിദഗ്ധനെ കുടുക്കിയത് പിക്കാസ് വാങ്ങിയ കടയില്‍ ഗൂഗിള്‍ പേയില്‍ പണം നല്‍കിയ സംഭവം. കോഴിക്കോട് രാമനാട്ടുകരയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിൽ മധ്യപ്രദേശ് സ്വദേശി നേക്മണി പട്ടേലാണ് അറസ്റ്റിലായത്. അതിനിടെ പ്രതിയെ ഇന്ന് ഉച്ച കഴിഞ്ഞ് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
രാമനാട്ടുകര ടൗണിലെ ദുബായ് ഗോള്‍ഡ് ജ്വല്ലറിയുടെ ഭിത്തി തുരന്നായിരുന്നു കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കിടെ പ്രതി നേക്മണി പട്ടേൽ ജ്വല്ലറിയില്‍ പിക്കാസ് ഉപേക്ഷിച്ചിരുന്നു. ഈ പുത്തൻ പിക്കാസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാമനാട്ടുകരയിലുള്ള ഹാര്‍ഡ് വെയർ കടയില്‍ നിന്നും വാങ്ങിയതാണ് ഇതെന്ന് കണ്ടെത്തി.
രണ്ടു ദിവസം മുമ്പ് പ്രതി വാങ്ങിച്ചതാണ് പിക്കാസെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഗൂഗിള്‍ പേ വഴിയാണ് കടക്കാരന് പണം നല്‍കിയതെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ലഭിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പ്രതിയുടെ നിലവിലെ ലൊക്കേഷന്‍ തിരയുകയുമായിരുന്നു.
അതിന് ശേഷം ഫേസ്ബുക്കില്‍ നിന്നും ഫോട്ടോ ഉള്‍പ്പടെയുള്ള വിശദാംശങ്ങൾ ശേഖരിച്ചു. പ്രതി നേക്മണി പട്ടേൽ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമക്കാരനാണെന്നും രണ്ടാഴ്ചയായി രാമനാട്ടുകരയില്‍ ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയാണെന്നും വിവരം ലഭിച്ചതോടെ ഫറോക്ക് പൊലീസ് അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഫറോക്ക് എസ്.ഐ എസ്.അനൂപിൻ്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു.