തുറവൂർ അരൂർ ദേശീയ പാതയിലെ ആകാശ പാത നിർമ്മാണത്തിൻ്റെ ഭാഗമായി തകർന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. റസിഡൻസ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആകാശപാത നിർമ്മാണം ആരംഭിച്ചതിന് ശേഷം അരൂരിലെ ദേശീയപാതയിൽ പൊലിഞ്ഞത് 36 ജീവനുകൾ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ നിരവധി. ഇതൊന്നും കണ്ടിട്ടും നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിക്ക് ഒരു കുലക്കവുമില്ല.
റോഡ് പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായി.പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ എത്തിയപ്പോഴാണ് ചന്ദിരൂരിലെ നാട്ടുകാർ ജനകീയ സമര സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയതെന്ന് ജനകീയ പ്രക്ഷോഭം ഫ്ലാഗ് ഓഫ് ചെയ്ത ഫാദർ ജോസഫ് കരിത്തോടത്ത് പറഞ്ഞു.
സ്ത്രീകളും പുരുഷൻമാരും അടക്കം നൂറ് കണക്കിനാളുകൾ പ്രതിഷേധ റാലിയിൽ പങ്കാളികളായി.തുടർന്ന് നടന്ന പൊതു സമ്മേളനം റിട്ടയേർഡ് ജില്ല ജഡ്ജി എം.ലീലമണി ഉദ്ഘാടനം ചെയ്തു.റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. റോഡ് ചെളിക്കുളമായതിനാൽ പ്രദേശത്തെ കടകൾ പോലും തുറക്കാൻ കഴിയത്ത അവസ്ഥയാണ് ഇപ്പോൾ. ജനകീയ പ്രതിഷേധത്തിന് മുന്നിൽ അധികാരികൾ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.