മൃഗശാലയിലെ ജോലിക്ക് സംസ്ഥാനത്ത് ആദ്യമായി സൂകീപ്പർ പദവിയിൽ അഞ്ച് യുവതികൾ എന്ന പുതു ചരിത്രം ഇനി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാർക്കായ തൃശ്ശൂര്‍ പുത്തൂർ സുവോളജിക്കൽ പാർക്കിന് സ്വന്തം. കെ എൻ നെഷിത, രേഷ്മ സി കെ, സജീന പി സി, ഷോബി എം ആർ, കൃഷ്ണ കെ ചന്ദ്രൻ എന്നിവരെയാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി സൂകീപ്പർ പദവിയിൽ നിയമിച്ചത്.
600 പേർ അപേക്ഷിച്ചതിൽ നിന്നും 10 പുരുഷൻമാരുൾപ്പടെ 15 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരിൽ 3 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. മൃഗങ്ങളുമായി ഇടപഴുകുക, ഇരുമ്പു കൂടുകൾ വൃത്തിയാക്കുക എന്നിവയാണ് ഇവരുടെ ജോലി.
വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളല്ലെന്നാണ് ആദ്യ പാഠമെങ്കിലും അഞ്ച് അമ്മമ്മാരും ഇടക്ക് അത് മറക്കും. കിട്ടുന്ന ഒഴിവു സമയത്ത് സുവോളജിക്കൽ പാർക്കിലെ ആദ്യ അതിഥി വൈഗയെന്ന കടുവയെ കാണാൻ എത്തും. അടുത്തെത്തുമ്പോൾ തങ്ങളെ ഗന്ധത്തിലൂടെയും ശബ്ദത്തിലൂടെയും കടുവ തിരിച്ചറിയുന്നതാണ് ഇവരുടെ സന്തോഷം.
കഠിനാധ്വാനവും ശ്രദ്ധയും വേണ്ട ജോലികളിൽ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഇവരുടെ കൂടെ ഉണ്ടാകും. തൃശ്ലൂർ - തിരുവനന്തപുരം മൃഗശാലകളിൽ ഓരോ മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ പുത്തൂരിൽ എത്തിയത്.
ചാലക്കുടി സ്വദേശി കൃഷ്ണ കെ ചന്ദ്രൻമാരാംകോട് കോളനിയിലെ പ്രൊമോട്ടറായിരുന്നു. കെ എൻ നെഷിത പെരിങ്ങോട്ടുകര സ്വദേശിയാണ്, രേഷ്മ പട്ടിക്കാട് സ്വദേശിയും, സി കെ സജീന വാണിയമ്പാറ സ്വദേശിയും, ഷോബി മരോട്ടിച്ചാൽ സ്വദേശിയുമാണ്.