Share this Article
image
നിപ ബാധയെ തുടർന്ന് മലപ്പുറത്ത് അതീവ ജാഗ്രത
Extreme caution in Malappuram due to Nipah

നിപ ബാധയെ തുടർന്ന് മലപ്പുറത്ത് അതീവ ജാഗ്രത. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന പതിനാലുകാരൻ മരിച്ചു .

നിപ ബാധിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ 14 കാരൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 246 പേരാണുള്ളത്. 63 പേരാണ് ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടികയിൽ രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കും. ഹൈറിസ്ക് പട്ടികയിൽ ഉള്ളവരുടെ സാമ്പിളുകളാണ് ആദ്യം പരിശോധിക്കുകയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

അതിനിടെ 14 കാരൻറെ സ്വദേശം ഉൾപ്പെടുന്ന പാണ്ടിക്കാട് പഞ്ചായത്തിലും പഠിക്കുന്ന സ്കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ആൾക്കൂട്ടം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾക്കും ഹോട്ടലുകൾക്കും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.

തീയറ്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പൂർണ്ണമായും അടച്ചിടും. മലപ്പുറം ജില്ലയിൽ പൊതുവായ നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അതിൻറെ ഭാഗമായാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്. എല്ലാവരും ജാഗ്രത പുലർത്തണമെന്നും നിപയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories