തൃശൂർ: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ അച്ഛനെ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചത് 12, 9 വയസ് പ്രായമുള്ള ശിവനന്ദന, ദേവനന്ദന എന്നീ കുട്ടികളാണ് മരിച്ചത്.ഒരു കുട്ടി തൂങ്ങി മരിച്ച നിലയിൽ. അച്ഛൻ ചന്ദ്രശേഖരൻ കൈഞരമ്പ് മുറിച്ച നിലയിലാണ് . മക്കളെ അപായപ്പെടുത്തി അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് പൊലീസ്.
ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാത്രിയാണ് ഇവർ മുറിയെടുത്തത്. കാറിലെത്തിയ മൂവരും ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് റൂം ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറിയുടെ വാതിലിൽ പലതവണ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് മൂവരെയും അത്യാസന്ന നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടികളിൽ ഒരാൾ മരിച്ച നിലയിലായിരുന്നു. രണ്ടാമത്തെയാൾക്കും ചന്ദ്രശേഖരനും ജീവനുണ്ടായിരുന്നതിനാൽ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റി. ഇതിൽ രണ്ടാമത്തെ പെൺകുട്ടിയും ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. കൈഞരമ്പു മുറിച്ച ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹം മുതുവട്ടൂർ രാജ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ ഗുരുവായൂർ പൊലീസിന്റെ അന്വേഷണം തുടരുന്നു. വയനാട് പൊലീസിനെയും വിവരം അറിയിച്ചു.