Share this Article
കട്ടപ്പനയിലെ ഹോട്ടലില്‍ നല്‍കിയ കപ്പബിരിയാണിയില്‍ ജീവനുള്ള പുഴു
A live worm in kappabiriyani

കട്ടപ്പനയിലെ ഹോട്ടലിൽ നൽകിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു. ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിൽ നിന്നും ദമ്പതികൾ കഴിച്ച ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയതായി പരാതി നൽകിയത്. 

കട്ടപ്പന ഇടുക്കികവലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിൽ നിന്നാണ് പുഴു അരിച്ച ഭക്ഷണം ലഭിച്ചത്.  കഴിഞ്ഞ രാത്രിയിൽ ഏഴുമണിയോടെ കാഞ്ചിയാർ സ്വദേശികളായ  ദമ്പതികൾ ഹോട്ടൽ കയറി കപ്പ ബിരിയാണി ആവശ്യപ്പെട്ടു.കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ്  ആഹാരത്തിൽ പുഴുവിനെ കണ്ടത്.

തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചതോടെ ഹോട്ടൽ ജീവനക്കാർ വന്ന് ആഹാരം തിരികെ എടുത്തു.  ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു എന്നും , വിഷയം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചു എന്നുമാണ് ദമ്പതികളുടെ പരാതി. തുടർന്ന്   ഇവർ നഗരസഭയിൽ രേഖാ മൂലം പരാതി നൽകി.ദമ്പതികളുടെ പരാതിയേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. 

 കട്ടപ്പന നഗരത്തിലെ ഹോട്ടലുകളിൽ തുടർച്ചയായി മനുഷ്യജീവന് ഭീഷണിയായി പഴകിയ ആഹാരം നൽകുന്നതായും പരാതിയുയർന്നിട്ടുണ്ട്.ഏതാനും ആഴ്ചകള്‍ക്കുള്ളിൽ തന്നെ  രണ്ട് ഹോട്ടലുകളിൽ നിന്നാണ് പുഴുവരിച്ച ഭക്ഷണം ആളുകൾക്ക് ലഭിച്ചതായി വിവരങ്ങൾ വന്നത്  .

എന്നാൽ നഗരസഭ നടപടിയുമായി മുന്നോട്ടു പോകുമ്പോഴും നഗരത്തിനുള്ളിലെ ഹോട്ടലുകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുകയാണെന്ന ആരോപണമായി പ്രതിപക്ഷവും രംഗത്തുവന്നു .

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ ജീവനക്കാരുടെ  കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്,  കൂടാതെ ഹോട്ടലുകളിൽ ഇത്തരത്തിലെ സംഭവങ്ങൾ ഉണ്ടാകുമ്പോൾ 2000 രൂപ മാത്രമാണ് പിഴ ഈടാക്കുന്നത് . ഇത്തരത്തിലെ  ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. 

 നിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നുമാണ് പൊതുജനങ്ങളുടെയും ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories