ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് കൃഷിക്ക് പറ്റിയ കാലം. മല്‍സ്യതൊഴിലാളികളും മറ്റു കര്‍ഷകരും സ്വാശ്രയ സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളുമാണ് കല്ലുമ്മക്കായ കൃഷിയില്‍ സജീവമായിട്ടുള്ളത്. കവ്വായി കായലിലെ ഇടയിലെക്കാട്, മാടക്കാല്‍, വലിയപറമ്പ്, തെക്കെക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായി കൃഷി ചെയ്തുവരുന്നത്.കായലിലൊരുക്കിയ മുളന്തണ്ടുകള്‍ കൊണ്ടുള്ള സ്റ്റേജുകളില്‍ ഒരടി അകലം പാലിച്ച് കയറുകളില്‍ തുണിയില്‍ കോര്‍ത്താണ് കല്ലുമ്മക്കായ കൃഷിക്കായി വിത്തിറക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കനത്ത നഷ്ടം സഹിച്ച് കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറായെങ്കിലും ഫിഷറീസ് വകുപ്പ് അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ ഇവര്‍ക്ക് വിനയാവുകയാണ്. നേരിട്ട് വിത്ത് ശേഖരിക്കുകയോ സ്വകാര്യ ഏജന്റുമാരില്‍ നിന്ന് വാങ്ങുകയോ ചെയ്യരുതെന്നും മല്‍സ്യതൊഴിലാളി സംഘങ്ങള്‍ വഴി വിത്ത് വാങ്ങി കൃഷിയിറക്കണമെന്നുമുള്ള നിബന്ധന വര്‍ഷങ്ങളായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം കര്‍ഷക ഗ്രൂപ്പുകളോ വ്യക്തികളോ കൃഷി ഇറക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നതും തിരിച്ചടിയാകുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ മാത്രം കൃഷി ഇറക്കുക എന്ന നിര്‍ദേശവും പരമ്പരാഗതമായി കല്ലുമ്മക്കായ കൃഷിയിറക്കുന്നവര്‍ക്ക് എതിരായ തീരുമാനമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ചുരുങ്ങിയ വിലക്ക് വിത്ത് കിട്ടുമ്പോള്‍ കൃഷിയിറക്കുക എന്ന തീരുമാനവുമായി മുന്നോട്ടു പോവുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കായലിലെ വെള്ളത്തില്‍ മാറ്റമുണ്ടായത് കഴിഞ്ഞ വര്‍ഷം കല്ലുമ്മക്കായ കൃഷിയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയെങ്കിലും നഷ്ട പരിഹാരം ഭൂരിഭാഗം പേര്‍ക്കും ഇനിയും കിട്ടിയിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ കൃഷിയിറക്കാന്‍ കല്ലുമ്മക്കായ കര്‍ഷകര്‍ രംഗത്ത് സജീവമാണ്.