തൃശൂർ പുതുക്കാട് സെൻ്ററിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മുൻ ഭർത്താവിന്റെ അറസ്റ്റ് പുതുക്കാട് പോലീസ് രേഖപ്പെടുത്തി. കേച്ചേരി സ്വദേശി കൂള വീട്ടിൽ 36 വയസുള്ള ലസ്റ്റിനാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഒമ്പതരയോടെ പുതുക്കാട് ബസാർ റോഡിലായിരുന്നു സംഭവം. കൊട്ടേക്കാട് സ്വദേശി 28 വയസുള്ള ബിബിതക്കാണ് കുത്തേറ്റത്.പുതുക്കാട് ബസാർ റോഡിലെ ബാങ്കിലെ താത്കാലിക ജീവനക്കാരിയായ ബിബിത ബസിറങ്ങി ബാങ്കിലേക്ക് നടന്നുപോകുന്നതിനിടെ ലസ്റ്റിൻ ആക്രമിക്കുകയായിരുന്നു.
റോഡിലേക്ക് വലിച്ചിഴച്ചിട്ട് 9 തവണ ഇയാൾ കൈയ്യിൽ കരുതിയ കത്തികൊണ്ട് ബിബിതയെ കുത്തുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു..
സംഭവ ശേഷം ബസാർ റോഡിലൂടെ നടന്നുപോയ ഇയാളെ പുതുക്കാട് പോലീസ് പിടുകൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിബിത തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.
കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാർ, എസ്ഐമാരായ എൻ. പ്രദീപ്, ലാലു ,സീനിയർ സിപിഒമാരായ വി.ഡി. അജി, സുജിത്ത്, നിതീഷ്, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.