ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. പതിനൊന്ന് പേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. മഴ കാരണം കാഴ്ചമങ്ങിയതും വാഹനത്തിന്റെ പഴക്കവും അപകടകാരണമാകാമെന്ന് ആര്‍ടിഒ അറിയിച്ചു.